മുട്ട അവിയൽ
- Neethu Midhun
- Jun 2, 2018
- 2 min read
സാധാരണ അവിയലിനൊരു ട്വിസ്റ്റ് കൊടുത്താലോ ? അതെ ഇതൊരു നോൺ വെജിറ്റേറിയൻ അവിയലാണ് . മുട്ട മാത്രം കഴിക്കുന്ന വെജിറ്റേറിയൻസുകൾക്കും ഈ അവിയൽ വളരെ സന്തോഷത്തോടെ കഴിക്കാം.ഒന്ന് പരീക്ഷിച്ച് നോക്കൂ . തീർച്ചയായും ഇഷ്ടമാകും. വ്യത്യസ്തമായ ഒരു കറി ആയത് കൊണ്ട് തന്നെ അദിഥികൾക്ക് സ്പെഷ്യൽ ഡിഷ് ആയി തന്നെ വിളംബാം.

ആവശ്യമുള്ള സാധനങ്ങൾ :
കോഴി മുട്ട - 3 എണ്ണം പുഴുങ്ങി ഓരോന്നും 4 ആയി മുറിച്ചത്
ഉരുളൻ കിഴങ്ങ് - 2 എണ്ണം ( ഇടത്തരം ) നീളത്തിൽ അരിഞ്ഞത്
മുരിങ്ങക്കായ - 2 എണ്ണം ഇടത്തരം ( മുറിച്ച് ഓരോന്നും നെടുകെ കീറിയത് )
ചെറുള്ളി - 15 എണ്ണം നീളത്തിൽ അരിഞ്ഞെടുത്തത് ( വഴറ്റാൻ )
ചിരകിയ നാളികേരം - 1/ 2 കപ്പ്
നല്ല ജീരകം - 1/ 4 ടീസ്പൂൺ
ചെറുള്ളി - 2 എണ്ണം ( നാളികേരത്തിനൊപ്പം ഒതുക്കിയെടുക്കാൻ )
പച്ചമുളക് - 6 എണ്ണം എരിവുള്ളത് ( നാളികേരത്തിനൊപ്പം ഒതുക്കിയെടുക്കാൻ )
വെള്ളം - 1/ 4 കപ്പ്
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
മുളക്പൊടി - 1/ 2 ടീസ്പൂൺ മുതൽ 3 / 4 ടീസ്പൂൺ വരെ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ - 2 +1 ടേബിൾസ്പൂൺ
വേപ്പില - 2 തണ്ട്
ഉണ്ടാക്കുന്ന വിധം :
1 . ആദ്യം 3 മുട്ട പുഴുങ്ങി തൊലി കളഞ്ഞു ഓരോന്നും നാലായി മുറിച്ചു വയ്ക്കുക .
2 . മിക്സിയുടെ ചെറിയ ജാറിൽ 1/ 2 കപ്പ് നാളികേരം ചിരകിയത് , 1 / 4 ടീസ്പൂൺ നല്ല ജീരകം , രണ്ട് ചെറുള്ളി , 6 പച്ചമുളക് എന്നിവ സ്വല്പം വെള്ളം ചേർത്ത് ഒതുക്കി എടുത്തു വയ്ക്കുക
3 . ഒരു പാനിലോ ഉരുളിയിലോ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിട്ടുള്ള ചെറുള്ളി , ഉരുളൻ കിഴങ്ങ് , മുരിങ്ങക്കായ എന്നിവ ആവശ്യത്തിന് ഉപ്പ് , മഞ്ഞൾ പൊടി , മുളക് പൊടി , വേപ്പില മുതലായവ ചേർത്ത് മൂടി അടച്ചു വച്ച് എണ്ണയിൽ വഴറ്റിയെടുക്കുക( ഇടയ്ക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കണം ). പകുതിയോളം വാടി വന്നാൽ വേണമെങ്കിൽ 1/ 4 വെള്ളം ചേർത്ത് അടച്ചു വച്ച് പാകത്തിന് വേവിച്ചെടുക്കാം . എണ്ണയിൽ മാത്രം മുഴുവനായി വഴറ്റി വേവിച്ചെടുക്കാൻ പറ്റും . എന്നാൽ സമയം ലാഭിക്കാൻ സ്വല്പം വെള്ളം ചേർത്ത് കൊടുക്കാം.
4 . പച്ചക്കറികൾ ആവശ്യത്തിന് വെന്തു വന്നാൽ ഒതുക്കിയെടുത്തു വച്ചിരിക്കുന്ന നാളികേര കൂട്ട് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ( പച്ചക്കറികൾ പൊടിഞ്ഞു പോകാതെ പ്രത്യേകം ശ്രെദ്ധിക്കണം ).ഇനി ഇത് മൂടി വച്ച് നന്നായി ആവി വരുത്തണം. നാളികേരത്തിന്റെയും , ഉള്ളിയുടെയും , പച്ചമുളകിന്റെയും എല്ലാം പച്ചമണം പൂർണ്ണമായും മാറും വരെ ഇത് വഴറ്റണം ( കൂടുതൽ ഇളക്കാതെ ശ്രെദ്ധിക്കണം ). ഉപ്പ് എരിവ് എന്നിവ നോക്കി വേണമെങ്കിൽ ചേർത്ത് കൊടുക്കാം .
5 . അവസാനം മുട്ട ചേർത്ത് കൊടുക്കാം . മുട്ട ചേർത്തതിന് ശേഷം വളരെ പതുക്കെ ഇളക്കി കറിയുമായി യോജിപ്പിക്കുക ( ശക്തിയായി ഇളക്കിയാൽ മുട്ടയുടെ ഉണ്ണി പൊടിഞ്ഞു പോകും ). മുട്ട ചേർത്ത് വീണ്ടും 2 മിനിറ്റ് അടച്ചു വച്ച് ആവി വരുവാൻ അനുവധിക്കുക .
ഇനി തീയണച്ച് മുകളിൽ 1 ടേബിൾസ്പൂൺ പച്ച വെളിച്ചെണ്ണ തൂവി ഒരു തണ്ട് വേപ്പിലയും ഇട്ട് , അവിയൽ സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.
note : ഈ അവിയലിൽ പുളിക്കായി തൈരോ, പുളിയോ , മാങ്ങയോ ഒന്നും ചേർക്കുന്നില്ല
Comments