ബ്രോക്കോളി മുട്ട തോരൻ
- Neethu Midhun
- Aug 7, 2018
- 1 min read
ബ്രോക്കോളി വച്ച് തോരൻ അത്ര പരിചയമുള്ള ഒന്നാവില്ല .ഏറെ ആരോഗ്യകരമായതും സ്വാദുള്ളതും തയ്യാറാക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് ബ്രോക്കോളി തോരൻ. ഇത് വരെ പരീക്ഷിച്ച് നോക്കിയിട്ടില്ലെങ്കിൽ തീർച്ചയായും പരീക്ഷിച്ച് നോക്കൂ . ചോറിനൊപ്പം കഴിക്കാൻ ഒരു പെർഫെക്റ്റ് സൈഡ് ഡിഷാണിത് . ബ്രോക്കോളി വച്ചൊരു നാടൻ പരീക്ഷണം .

ആവശ്യമുള്ള സാധനങ്ങൾ :
ബ്രോക്കോളി - ഒരെണ്ണം ( 350 ഗ്രാം )
മുട്ട - 3 എണ്ണം
നാളികേരം ചിരകിയത് - ഒരു പിടി
ചെറുള്ളി ചതച്ചത് - 7 എണ്ണം
പച്ചമുളക് - 7 - 8 എണ്ണം ( വട്ടത്തിൽ അരിഞ്ഞത് )
വേപ്പില - ഒരു തണ്ട്
മഞ്ഞൾപൊടി - 2 നുള്ള്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1/ 4 ടീസ്പൂൺ
വെളിച്ചെണ്ണ - 2 1/ 2 ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1 . ബ്രോക്കോളി ഓരോരോ ഫ്ളോറെറ്റ്സ് ആയി മുറിച്ചെടുത്ത് നന്നായി കഴുകി, ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത ചൂട് വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കുക . 10 മിനുട്ടിന് ശേഷം വെള്ളത്തിൽ നിന്നും മാറ്റി ( വെള്ളം നന്നായി വാർന്നു പോകാൻ അനുവധിക്കണം ) ഓരോ ഫ്ളോറെറ്റ്സും വളരെ ചെറുതാക്കി അരിഞ്ഞെടുക്കുക .
2 . 3 മുട്ട ഉപ്പും കുരുമുളക്പൊടിയും ചേർത്ത് അടിച്ചു വയ്ക്കുക
3 . ഒരു ചീനച്ചട്ടിയിലോ നോൺ പാനിലോ എണ്ണ ചൂടാക്കി ചെറുള്ളി ചതച്ചതും പച്ചമുളക് അരിഞ്ഞതും വേപ്പിലയും കൂടി നന്നായി വഴറ്റിയെടുക്കുക . ഇതിലേക്ക് 2 നുള്ള് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചിരകിയ നാളികേരവും ചേർത്ത് 30 സെക്കന്റ് ചൂടാക്കുക . ഇതിലേക്ക് അരിഞ്ഞെടുത്തു വച്ചിരിക്കുന്ന ബ്രോക്കോളി ചേർത്ത് പച്ചമണം മാറും വരെ നന്നായി വാട്ടി ഉലർത്തിയെടുക്കുക ( മൂടി വച്ചാൽ വേഗം വാടി വരും . അടിക്ക് പിടിക്കാതിരിക്കാൻ ഇടയ്ക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കുക ) .
4 . ബ്രോക്കോളി നന്നായി വാടി പാകമായാൽ ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേർത്തടിച്ച് വച്ച മുട്ട ചേർത്ത് ചിക്കിയെടുക്കുക .ഇതോടെ ബ്രോക്കോളി മുട്ട തോരൻ തയ്യാർ
Note : എരിവ് നോക്കി പച്ചമുളകിന്റെ എണ്ണം കൂട്ടിയോ കുറച്ചോ ചേർക്കാം
Comments