നത്തോലി / കൊഴുവ മീൻ പീര പറ്റിച്ചത്
- Neethu Midhun
- Jul 10, 2018
- 1 min read
മീൻ പീര വറ്റിച്ചത് / പറ്റിച്ചത് ഒരു തനി നാടൻ കേരള വിഭവമാണ് . സാധാരണ നത്തോലി / കൊഴുവ, ചാള തുടങ്ങിയ ചെറു മീനുകൾ ( മുള്ളിന് അധികം ബലമില്ലാത്ത മീനുകൾ ) വച്ചാണ് മീൻ പീര തയ്യാറാക്കുന്നത് .നാളികേരം ചതച്ചത് ചേർത്ത് വറ്റിച്ചെടുക്കുന്നത് കൊണ്ടാണ് മീൻ പീര പറ്റിച്ചത് എന്ന പേരിലറിയപ്പെടുന്നത് .

ആവശ്യമുള്ള സാധനങ്ങൾ :
നത്തോലി / കൊഴുവ - 300 ഗ്രാം
കുടംപുളി - 2 ചെറിയ കഷ്ണം
വെള്ളം - 1/ 4 മുതൽ 1/ 2 കപ്പ് വരെ
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
മുളക്പൊടി - 3/ 4 ടീസ്പൂൺ
വെളിച്ചെണ്ണ - 2 1/ 2 ടേബിൾസ്പൂൺ
ചതച്ചെടുക്കാനുള്ളത് :
നാളികേരം - 3/ 4 കപ്പ്
പച്ചമുളക് - 4 - 5 എണ്ണം
ചെറുള്ളി - 8 അല്ലി
വെളുത്തുള്ളി - 4 അല്ലി
ഇഞ്ചി - ഒരു മീഡിയം പീസ്
വേപ്പില - 2 തണ്ട്
ഉണ്ടാക്കുന്ന വിധം :
1 . കൊഴുവ തലയും വാലും കളഞ്ഞെടുത്ത് നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക .
2 . അടുത്തതായി നാളികേരം , ചെറുള്ളി , ഇഞ്ചി ,വെളുത്തുള്ളി ,വേപ്പില പച്ചമുളക് എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് ഒതുക്കിയെടുക്കുക (അരഞ്ഞു പോകാതെ പ്രത്യേകം ശ്രെദ്ധിക്കണം ).
3 . ഇനി ഒരു മൺചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക .ചൂടായി വരുമ്പോൾ ഒതുക്കി വച്ചിരിക്കുന്ന കൂട്ട് അതിലേക് ചേർത്ത് കൊടുക്കുക .ഇത് എണ്ണയിൽ കിടന്ന് വഴന്ന് പച്ചമണം മാറി വരുമ്പോൾ മഞ്ഞൾ പൊടി, മുളക്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക .തുടർന്ന് വെള്ളവും പാകത്തിന് ഉപ്പും കുടംപുളിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക . തിള വന്നാൽ കൊഴുവ ചേർത്ത് അടച്ചു വച്ച് ചെറുതീയിൽ വേവിക്കുക.
ഇടയ്ക്കിടയ്ക്ക് മൂടി തുറന്ന് ഓരോ വശത്തുനിന്നും തവി വച്ച് ഒതുക്കിയെടുക്കുക ( കൂട്ടി ഇളക്കി യോജിപ്പിക്കാൻ ശ്രെമിക്കരുത് കൊഴുവ പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട് *).
4 . മീൻ നന്നായി വെന്തു എന്നുറപ്പായാൽ മൂടി തുറന്ന് വച്ച് നന്നായി പറ്റിച്ചെടുക്കുക .
5 . അവസാനം മുകളിൽ പച്ച വെളിച്ചെണ്ണയും വേപ്പിലയും മുകളിൽ തൂവി വാങ്ങുക
Comments