നെയ്മീൻ /അറയ്ക്ക/ഐക്കൂറ കറി ( King Fish Curry )
- Neethu Midhun
- Jul 26, 2018
- 1 min read
മീൻ കറികളിൽ തന്നെ ഏറെ പേരുള്ളതും വിശേഷപ്പെട്ടതുമായ ഒരു കറിയാണ് നെയ്മീൻ / ഐക്കൂറ കറി വച്ചത് . വീട്ടിൽ അതിഥികൾ വന്നാലും വിശേഷാവസരങ്ങളിലുമെല്ലാം കൂടുതൽ നെയ്മീൻ കറി തന്നെയായിരിക്കും തയ്യാറാക്കുന്നത് .വളരെ റിച്ച് ടേസ്റ്റുള്ളൊരു കറിയാണിത് .തീർച്ചയായും പരീക്ഷിച്ചു നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
നെയ്മീൻ / അറയ്ക്ക/ ഐക്കൂറ - 500 ഗ്രാം
ചെറുള്ളി - 10 എണ്ണം ചതച്ചത്
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
പച്ചമുളക് - 4 എണ്ണം നെടുകെ കീറിയത്
വേപ്പില - 2 തണ്ട്
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
മുളക് പൊടി - 4 ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
കുടംപുളി - 3 കഷ്ണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 3/ 4 മുതൽ 1 കപ്പ് വരെ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
നാളികേരപ്പാൽ - 3 1/ 2 കപ്പ് ( കട്ടിയുള്ള തേങ്ങാ പാൽ )
താളിക്കാൻ :
ചെറുള്ളി വട്ടത്തിൽ അരിഞ്ഞത് - 6 എണ്ണം
വേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉണ്ടാകുന്ന വിധം :
1 .നെയ്മീൻ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വിനീഗറും കല്ലുപ്പും ഇട്ട് വൃത്തിയായി കഴുകി എടുക്കുക .
2 . ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുള്ളി ചതച്ചത് , ഇഞ്ചി ചതച്ചത് , പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക .അതിന് ശേഷം മഞ്ഞൾ പൊടി , മുളക് പൊടി ,മല്ലിപ്പൊടി എന്നിവ ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച ഉടനെ തന്നെ 3/ 4 മുതൽ 1 കപ്പ് വരെ വെള്ളം ചേർക്കണം (പൊടികൾ വെളിച്ചെണ്ണയിൽ കിടന്ന് മൂക്കണമെന്നില്ല ). ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 3 കഷ്ണം കുടം പുളിയും ചേർത്ത് നന്നായി തിളപ്പിക്കുക . നന്നായി തിളച്ചു വന്നാൽ വൃത്തിയാക്കി വച്ചിരിക്കുന്ന നെയ്മീൻ കഷ്ണങ്ങൾ ചേർത്ത് 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക .
3 . ഇനി കറിയിലേക്ക് 3 1/ 2 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം .തേങ്ങാപ്പാൽ ചേർത്ത് ചുരുങ്ങിയത് 10 മിനിറ്റ് വേവിക്കുക കറി നന്നായി തിളച്ച് എണ്ണ തെളിയുന്ന പാകമായാൽ മീൻ കറി തയ്യാറായി എന്നർത്ഥം.
4 .അവസാനം വേപ്പിലയും ചെറുള്ളിയും വെളിച്ചെണ്ണയിൽ താളിച്ച് കറിയുടെ മുകളിലൊഴിച്ച് വാങ്ങാം.
Comentarios