നേന്ത്രപ്പഴം കൊഴുക്കട്ട / പഴം കൊഴുക്കട്ട
- Neethu Midhun
- Jul 12, 2018
- 1 min read
കൊഴുക്കട്ട നല്ലൊരു നാലുമണി പലഹാരമാണ് . ആവിയിൽ തയ്യാറാക്കിയെടുക്കുന്നത് കൊണ്ട് തന്നെ ഏറെ ആരോഗ്യകരമായ ഒന്ന് കൂടിയാണിത്. എണ്ണയിൽ വറുത്തെടുക്കുന്ന സ്നാക്കുകളിൽ നിന്നും ഇടയ്ക്കെങ്കിലും ഒന്ന് മാറി ചിന്തിക്കണ്ടേ? പണ്ടിതൊക്കെ തന്നെയാണ് വീടുകളിൽ സാധാരണ ഉണ്ടാക്കാറുള്ളത് . ചില മാറ്റങ്ങൾ ഫില്ലിങ്ങിൽ വരുത്തി പല രുചിയിൽ കൊഴുക്കട്ട തയ്യാറാക്കിയെടുക്കാം.

ആവശ്യമുള്ള സാധനങ്ങൾ :
അരിപ്പൊടി - 1 1/ 4 കപ്പ്
തിളച്ച വെള്ളം - 1 1/ 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഫില്ലിങ്ങിന് -
നന്നായി പഴുത്ത നേന്ത്രപ്പഴം - ഒരെണ്ണം ( ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് )
ചിരകിയ നാളികേരം - 1 കപ്പ്
ശർക്കര ചീകിയത് - 1 1/ 2 അച്ച് ശർക്കരയുടേത് ( മധുരം ഇഷ്ടത്തിന് കുറയ്ക്കാം കൂട്ടാം )
നെയ്യ് - 3/ 4 ടീസ്പൂൺ
ഏലക്കായ പൊടിച്ചത് - രണ്ടെണ്ണത്തിന്റേത്
ഉണ്ടാക്കുന്ന വിധം :
1 . അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുത്തതിന് ശേഷം തിളച്ച വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി കുഴച്ചെടുക്കുക.
( അടയ്‌ക്കൊക്കെ കുഴക്കുന്ന പരുവം. വെള്ളം കൂടാനും കുറയാനും പാടില്ല ). ഈർപ്പം നഷ്പ്പെടാതിരിക്കാൻ അടച്ച് വയ്ക്കുക.
2 . ഒരു ബൗളിലേക്ക് ചിരകിയ നാളികേരം , ശർക്കര ചീകിയത് , പഴം ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് , ഏലക്കായ പൊടിച്ചത്, നെയ്യ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക .
3 . കയ്യിൽ അൽപ്പം നെയ്യോ ഓയിലോ തടവി ഒരു ഉണ്ട മാവെടുത്ത് ആദ്യം കയ്യിൽ വച്ച് ഒന്നുരുട്ടിയെടുക്കുക .അതിനു ശേഷം കൈ വെള്ളയിൽ വച്ച് ഒന്ന് പരത്തിയെടുക്കുക .തുടർന്ന് അതിലേക്ക് ഒരു സ്പൂൺ ഫില്ലിംഗ് വച്ച് അരിക് വശങ്ങൾ നന്നായി ഒട്ടിച്ച് ബോൾ ഷേപ്പിൽ ഉരുട്ടിയെടുക്കുക .ബോൾ ആയി ഉരുട്ടിയെടുക്കുമ്പോൾ അവിടവിടെ പൊട്ടലുകളില്ലാതെ ശ്രെദ്ധിക്കണം. ഫില്ലിംഗ് ഒരിക്കലും പുറത്ത് കാണാതെ വേണം കൊഴുക്കട്ട ഉരുട്ടിയെടുക്കാൻ .
4 . അവസാനം ഒരു ഇഡ്‌ലി പാത്രത്തിൽ വച്ച് 10 മുതൽ 15 മിനുട്ട് വരെ ആവികേറ്റിയെടുക്കുക . ഇതോടെ കൊഴുക്കട്ട തയ്യാർ
Opmerkingen