തൈര് കബാബ് ( Curd Kabab / Dahi Kabab )
- Neethu Midhun
- Sep 24, 2018
- 1 min read
കബാബ് നമുക്കത്ര പരിചയമുള്ള ഒന്നല്ല . കബാബ് എന്ന് കേൾക്കുമ്പോൾ ഒന്ന് മനസിലുണ്ടാവും അതൊരു നോർത്ത് ഇന്ത്യൻ ഐറ്റമാണെന്ന് . ഇതൊരു നല്ല സ്റ്റാർട്ടറാണ് . തൈര് വച്ച് തയ്യാറാക്കുന്നതിനാൽ തന്നെ ഇതല്പം വ്യത്യസ്തമാണ് .സാധാരണ പാനിൽ ഷാലോ ഫ്രൈ ചെയ്തെടുക്കുകയാണ് പതിവ് അല്ലെങ്കിൽ ഓവനിൽ ഗ്രിൽ ചെയ്തെടുക്കാം

ആവശ്യമുള്ള സാധനങ്ങൾ :
കട്ട തൈര് (പുളിയില്ലാത്തത് ) - 2 കപ്പ് വെള്ളം കളയാതെ
( 2 കപ്പ് വെള്ളത്തോട് കൂടിയുള്ള തൈര് ഒരു കോട്ടൺ തുണിയിൽ കെട്ടി പിഴിഞ്ഞ് വെള്ളമെല്ലാം കളഞ്ഞെടുത്ത് ഓവർ നൈറ്റ് ഫ്രിഡ്ജിൽ ഒരു അരിപ്പയിൽ വച്ചെടുക്കുക )
പനീർ - ഒരു കപ്പ്
ബ്രെഡ് ക്രമ്സ് - 1/ 2 കപ്പ്
സബോള - ഒരു മീഡിയം സൈസ് പൊടിയായി അരിഞ്ഞത്
പച്ചമുളക് - 5 - 6 എണ്ണം പൊടിയായി അരിഞ്ഞത്( എരിവ് നോക്കി കൂട്ടിയും കുറച്ചും ചേർക്കാം )
ഇഞ്ചി - ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
മുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - 1/ 4 ടീസ്പൂൺ
കുരുമുളക് പൊടി - 1/ 2 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് - ഒരു പിടി
ഉപ്പ് ആവശ്യത്തിന്
മൈദാ - ആവശ്യത്തിന് ( കബാബ് റോൾ ചെയ്യാൻ )
വെജിറ്റബിൾ ഓയിൽ - വറുത്തെടുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം :
1 .2 കപ്പ് തൈര് ഒരു കോട്ടൺ തുണിയിൽ കെട്ടി പിഴിഞ്ഞ് വെള്ളമെല്ലാം കളഞ്ഞെടുത്ത് ഓവർ നൈറ്റ് ഫ്രിഡ്ജിൽ ഒരു അരിപ്പയിൽ വച്ചെടുക്കുക .ഒട്ടും വെള്ളം അവശേഷിക്കാൻ പാടില്ല .
2 .ഒരു ബൗളിൽ വെള്ളമൊട്ടും ഇല്ലാത്ത കട്ട തൈര് , ഉടച്ചെടുത്ത പനീർ ,ബ്രെഡ് ക്രമ്സ് , സബോള ,ഇഞ്ചി , പച്ചമുളക് , മല്ലിയില ,മുളക്പൊടി , മഞ്ഞൾപൊടി , കുരുമുളക്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക .ഉപ്പും എരിവും എല്ലാം പാകത്തിനാണ് എന്ന് ഉറപ്പ് വരുത്തണം .
3 . ഇനി കയ്യിൽ അല്പം എണ്ണ തടവി തയ്യാറാക്കിയ മിക്സ് കയ്യിൽ വച്ച് ഷേപ്പ് ആക്കിയെടുക്കുക . ഇങ്ങനെ ഓരോന്നും തയ്യാറാക്കി മൈദയിൽ ഒന്ന് റോൾ ചെയ്തെടുത്ത് ഒരു പാത്രത്തിൽ നിരത്തുക .
4 .5 മിനുട്ടിന് ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഈ കബാബുകൾ ഗോൾഡൻ കളർ ആകും വരെ വറുത്ത് കോരുക . പുതിന ചട്ണിക്കൊപ്പം ചൂടോടെ സെർവ് ചെയ്യാം .
コメント