ജിലേബി
- Neethu Midhun
- Nov 7, 2018
- 2 min read
ജിലേബി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്നതാണ് . ഷേപ്പ് ശരിയാക്കിയെടുക്കാനായിരിക്കും ആദ്യം ബുദ്ധിമുട്ടുണ്ടാകുക . പക്ഷെ ഇതൊന്ന് പ്ലേറ്റിലോ മറ്റോ പ്രാക്റ്റീസ് ചെയ്തതിന് ശേഷം തയ്യാറാക്കിയാൽ കുറച്ച് കൂടി എളുപ്പമായിരിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം പഞ്ചസാര സിറപ്പ് നൂൽ പരുവത്തിൽ ആകരുത് എന്നുള്ളതാണ് .പരീക്ഷിച്ചു നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
മാവ് തയ്യാറാക്കാൻ ;
തൊലിയില്ലാത്ത ഉഴുന്ന് - 1/ 2 കപ്പ്
ഓറഞ്ച് ഫുഡ് കളർ - 3 ഡ്രോപ്‌സ് ( കളർ കൂട്ടിയും കുറച്ചതും ഇഷ്ടത്തിന് ചേർക്കാം )
കോൺ ഫ്ലോർ - 1 - 2 ടേബിൾസ്പൂൺ
അരിപ്പൊടി - 1 ടീസ്പൂൺ
ബേക്കിംഗ് പൌഡർ - 1/ 4 ടീസ്പൂൺ
ഉഴുന്ന് അരയ്ക്കാൻ ആവശ്യമായ വെള്ളം ( 1/ 4 കപ്പ് നും - 1/ 2 കപ്പ് നും ഇടയിൽ ) വെള്ളം കൂടരുത് .
പഞ്ചസാര സിറപ്പിന് :
പഞ്ചസാര - 1 കപ്പ്
വെള്ളം - 1/ 2 കപ്പ്
റോസ് വാട്ടർ - 1/ 2 ടേബിൾസ്പൂൺ
നെയ്യ് - ഒരു ടീസ്പൂൺ
നാരങ്ങാ നീര് - ഒരു ചെറിയ നാരങ്ങയുടെ പകുതിയുടേത്
വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ( വെജിറ്റബിൾ ഓയിൽ )
തയ്യാറാക്കുന്ന വിധം :
1 . ഉഴുന്ന് 3 മണിക്കൂർ കുതിർക്കാൻ വയ്ക്കുക . ശേഷം ഈ ഉഴുന്ന് അധികം വെള്ളം ചേർക്കാതെ ( ഏറ്റവും കുറവ് വെള്ളം ചേർത്ത് മാക്സിമം ഫ്ലഫി ആയി അരച്ചെടുക്കാൻ ശ്രെമിക്കുക .വെള്ളം കൂടിയാൽ ജിലേബി അതിന്റെ ഷേപ്പിൽ തയ്യാറാക്കാൻ സാധിക്കില്ല ). അരച്ചെടുത്ത ഉടനെ തന്നെ ജിലേബി തയ്യാറാക്കാം. പുളിക്കൻ അനുവധിക്കരുത് *.
2 . ഈ അരച്ചെടുത്ത മാവിലേക്ക് 1 - 2 ടേബിൾസ്പൂൺ കോൺ ഫ്ലോർ , ഒരു ടീസ്പൂൺ അരിപ്പൊടി, 3 തുള്ളി ഓറഞ്ച് ഫുഡ് കളർ എന്നിവ ചേർക്കുക. സ്പൂൺ വച്ച് നന്നായി ഇളക്കി യോജിപ്പിക്കുക .
3 . ഒരു സോസ് പാനിലോ അടി കട്ടിയുള്ള ഒരു പാത്രത്തിലോ ഒരു കപ്പ് പഞ്ചസാരയും 1/ 2 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക . കയ്യ് കൊണ്ട് തൊടുമ്പോൾ ഒട്ടുന്ന പരുവമായാൽ മതി ( നൂൽ പരുവമാകാതെ പ്രത്യേകം ശ്രദ്ധിക്കണം ). ഇതിലേക്ക് നാരങ്ങാ നീര് ( സിറപ്പ് കട്ടിയാകാതിരിക്കാൻ ), നെയ്യ് , റോസ് വാട്ടർ ഇത്രയും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കണം .ജിലേബി തയ്യാറാക്കുന്നതിന് മുൻപ് സിറപ്പ് തയ്യാറാക്കാൻ ശ്രദ്ധിക്കുക .
4 . ഒരു സിപ് ലോക്ക് ബാഗിലോ , ഒരു കട്ടിയുള്ള തുണിയിലോ തുളയിട്ട് ജിലേബി തയ്യാറാക്കാവുന്നതാണ് . അല്ലെങ്കിൽ കെച്ചപ്പിന്റെ ഡിസ്പെന്സർ ബോട്ടിലോ ഉപയോഗിക്കാം .
5 . ഒരു പരന്ന നോൺ സ്റ്റിക് പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക . പാനിൽ എണ്ണ പരന്ന് കിടക്കുന്നതാണ് നല്ലത് . അധികം പൊന്തി നിൽക്കണമെന്നുമില്ല . തീ നന്നായി കുറച്ചിട്ടിട്ട് വേണം ജിലേബി തയ്യാറാക്കാൻ അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകും .ഒരു പുറം ആയിവന്നാൽ മറിച്ചിട്ട് അടുത്ത പുറവും തയ്യാറാക്കിയെടുക്കുക .
6 . ഇനി ഇത് ചെറു ചൂടോടെ കിടക്കുന്ന * ഷുഗർ സിറപ്പിൽ ഇരു പുറവും മുക്കി എടുക്കണം ( ഷുഗർ സിറപ്പ് നന്നായി ഉള്ളിലേക്കിറങ്ങണം ).
Note : ഓറഞ്ച് കളർ തയ്യാറാക്കാൻ ചുവപ്പും മഞ്ഞയും ഫുഡ് കളർ കൂടി മിക്സ് ചെയ്തെടുത്താലും മതിയാകും.
Comments