ചന മസാല / ചോലെ മസാല
- Neethu Midhun
- Aug 14, 2018
- 2 min read
ചന മസാല / ചോലെ മസാല ഒരു നോർത്ത് ഇന്ത്യൻ അല്ലെങ്കിൽ ഒരു പാകിസ്ഥാനി ഡിഷാണ് . പൂരിക്കൊപ്പവും ,ബട്ടൂരയ്‌ക്കൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം പറ്റിയ പെർഫെക്റ്റ് കോമ്പിനേഷനാണിത്.

ആവശ്യമുള്ള സാധനങ്ങൾ :
വെള്ള കടല / ചന - ഒരു കപ്പ്
സബോള - 2 എണ്ണം
ഇഞ്ചി - ഒരു മീഡിയം പീസ് അരിഞ്ഞത്
വെളുത്തുള്ളി - 4 അല്ലി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം
തക്കാളി - ഒരെണ്ണം അരിഞ്ഞത്
മല്ലിപ്പൊടി - 1 1/ 2 ടീസ്പൂൺ
മുളക് പൊടി - 1 1/ 4 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
ഗരം മസാല - 3/ 4 - 1 ടീസ്പൂൺ
അംച്ചൂർ പൌഡർ ( മാങ്ങാ ഉണക്കി പൊടിച്ചത് ) - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കസൂരിമേത്തി - 1/ 4 ടീസ്പൂൺ
നെയ്യ് - 1/ 2 ടേബിൾസ്പൂൺ
റിഫൈൻഡ് ഓയിൽ - 1/ 2 ടേബിൾസ്പൂൺ
നല്ല ജീരകം - 1/ 2 ടീസ്പൂൺ
പട്ട - 3 ചെറിയ കഷ്ണം
കരയാംപൂ - 3 എണ്ണം
ഏലക്കായ - 2 എണ്ണം
ബേ ലീഫ് ( വഴണ ഇല ) - ഒരെണ്ണം
വെള്ളം - കടല വേവിക്കാൻ ആവശ്യമായത്
മല്ലിയില
ഉണ്ടാക്കുന്ന വിധം :
1 . ഒരു കപ്പ് വെള്ള കടല 8 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക.
2 . 8 മണിക്കൂറിന് ശേഷം കുതിർക്കാൻ വച്ച വെള്ളത്തിൽ നിന്ന് മാറ്റി വൃത്തിയായി കഴുകിയെടുത്ത് കടല വേവാൻ പാകത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ 4 വിസിൽ കൊടുത്ത് വയ്ക്കുക .പ്രഷർ മുഴുവൻ പോയ ശേഷം മാത്രം കുക്കർ തുറക്കുക .
3 . ഒരു നോൺ സ്റ്റിക് പാനിൽ അല്ലെങ്കിൽ ചീനച്ചട്ടിയിൽ 2 1/ 2 ടേബിൾസ്പൂൺ റിഫൈൻഡ് ഓയിൽ ഒഴിച്ച് ചൂടാക്കുക ( വെളിച്ചെണ്ണ ഉപയോഗിക്കരുത് ). ഇതിലേക്ക് സബോള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , എന്നിവ ചേർത്ത് നന്നായി വഴറ്റുക .തുടർന്ന് മല്ലിപ്പ്പൊടി , മുളക് പൊടി , മഞ്ഞൾപൊടി , ഗരംമസാല , അംച്ചൂർ പൌഡർ , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറും വരെ മൂപ്പിക്കുക .ഇനി അരിഞ്ഞെടുത്ത് വച്ച തക്കാളി കൂടി ചേർത്ത് വഴറ്റിയെടുക്കുക . ഈ മസാല കൂട്ട് തീയിൽ നിന്ന് മാറ്റി മുഴുവനായി തണുക്കാൻ അനുവധിക്കുക.
4 . മസാല കൂട്ട് ചൂട് വിട്ടാൽ മിക്സിയുടെ ജാറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക .
5 . ഒരു പാനിൽ 1/ 2 ടേബിൾസ്പൂൺ നെയ്യും 1/ 2 ടേബിൾസ്പൂൺ റിഫൈൻഡ് ഓയിലും ചേർത്ത് ചൂടാക്കുക . ഇതിലേക്ക് പട്ട ,ഗ്രാമ്പൂ , ഏലക്കായ , വഴണ ഇല , ഒരു ടീസ്പൂൺ നല്ല ജീരകം എന്നിവ ചേർത്ത് ചൂടാക്കുക .ഇതിലേക്ക് നേരത്തെ അരച്ച് വച്ച മസാലക്കൂട്ട് ചേർത്ത് നന്നായി വഴറ്റുക . ഇനി വേവിച്ചു വച്ച കടല വെളളത്തോട് കൂടി തന്നെ ചേർത്ത് മിനിമം 8 മിനിറ്റ് തിളപ്പിക്കുക ( എന്നാലേ കടലയുടെ ഉള്ളിലേക്ക് മസാല ചെല്ലുകയുള്ളൂ ). എണ്ണ തെളിയുന്ന പാകമാകുന്നതോടു കൂടി തന്നെ മുകളിൽ 1/ 4 ടീസ്പൂൺ കസൂരി മേത്തി എടുത്ത് കൈ വെള്ളയിൽ വച്ച് നന്നായി തിരുമ്മി കറിയിലേക്ക് ചേർക്കുക . എണ്ണ തെളിഞ്ഞു വന്നാൽ മുകളിൽ മല്ലിയില അരിഞ്ഞത് തൂവി വാങ്ങാം .
Comments