ചക്ക മെഴുക്കുപുരട്ടി ( ചക്ക ഉലർത്തിയത് )
- Neethu Midhun
- Jul 29, 2018
- 1 min read
ചക്ക കൊണ്ട് എന്തൊക്കെ വിധത്തിലുള്ള വിഭവങ്ങളുണ്ടാക്കാലേ ? കൂട്ടത്തിൽ ഇത് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണ് .ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു മെഴുക്കുപുരട്ടിയാണിത് , ഒരു തനി നാടൻ മെഴുക്കു പുരട്ടി .ചുവന്നുള്ളിയും വേപ്പിലയും വെളിച്ചെണ്ണയും ചതച്ചമുളകും എല്ലാം കൂടി ചേർന്ന് ഇതിനൊരു തനതായ നാടൻ സ്വാദ് നൽകുന്നു.

ആവശ്യമുള്ള സാധനങ്ങൾ :
മൂപ്പെത്തിയ ചക്ക ( ഒട്ടും പഴുക്കാത്തത് ) അരിഞ്ഞെടുത്തത് - 2 കപ്പ്
ചെറുള്ളി ചതച്ചത് - 6 എണ്ണം
വെളുത്തുള്ളി - 4 എണ്ണം ചതച്ചത്
വേപ്പില - 2 തണ്ട്
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
ചതച്ചമുളക് - 2 മുതൽ 2 1/ 2 ടീസ്പൂൺ വരെ
വെള്ളം - ചക്ക വേവിക്കാൻ ആവശ്യമായത്
വെളിച്ചെണ്ണ - 2 1/ 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1 . മൂപ്പെത്തിയ ചക്ക ( പഴുക്കാത്തത് ) കുരുമാറ്റി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക .
2 . ഇനി ഇതൊരു കുക്കറിലേക്ക് മാറ്റി വെള്ളവും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ 2 വിസിൽ കൊടുത്ത് വേവിച്ചെടുക്കുക. പ്രഷർ മുഴുവൻ പോയ ശേഷം തുറന്ന് വെള്ളം അധികമുണ്ടെങ്കിൽ വറ്റിച്ചെടുക്കുകയോ ഊറ്റിക്കളയുകയോ ചെയ്യാം.
3 . ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . ചൂടായി വന്ന ശേഷം ചതച്ചെടുത്തു വച്ചിരിക്കുന്ന ചെറുള്ളി , വെളുത്തുള്ളി വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക . പച്ചമണം മാറി വന്നാൽ ഇതിലേക്ക് ചതച്ചമുളക് ചേർത്ത് മൂപ്പിക്കുക ( കരിഞ്ഞു പോകാതെ ശ്രെദ്ധിക്കണം ). ഇനി വേവിച്ച് വച്ചിരിക്കുന്ന ചക്ക ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ചെറുതീയിലിട്ട് നല്ല വണ്ണം ഉലർത്തിയെടുത്താൽ ചക്ക മെഴുക്കു പുരട്ടി തയ്യാർ .
Comments