top of page

ചക്ക കുമ്പിളപ്പം

  • Writer: Neethu Midhun
    Neethu Midhun
  • Jun 19, 2018
  • 1 min read

ചക്ക കുമ്പിളപ്പം ഒരു നാടൻ പലഹാരമാണ് . ചക്ക വഴനയപ്പം , ചക്ക തെരളിയപ്പം എന്നീ പല പെരുകുളൂണ്ടുട്ടോ ഇതിന് .ചക്ക വരട്ടിയതും അരിപ്പൊടിയും ശർക്കരയും നാളികേരവും എല്ലാം ചേർത്ത് കുഴച്ചെടുത്ത്‌ വഴനയില കുമ്പിളുകുത്തിയതിൽ വച്ച് ആവി കേറ്റിയാണ് ഈ പലഹാരം തയ്യാറാക്കുന്നത് .വാഴനയിലയുടെയും ചക്കയുടെയും ഒരു പ്രത്യേക മണമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്‌ , ഒരു രക്ഷയുമില്ല.



ആവശ്യമുള്ള സാധനങ്ങൾ :


ചക്ക വരട്ടിയെടുക്കാൻ :


ചക്ക ചെറുതായരിഞ്ഞത് (നന്നായി പഴുത്ത ചക്ക) - 1 കപ്പ്

ശർക്കര - ഒരു അച്ച്

നാളികേര പാൽ - 1 1/ 2 കപ്പ്

നെയ്യ് - 1 1/ 2 ടീസ്പൂൺ


കുമ്പിളപ്പം ഉണ്ടാക്കാൻ :


വറുത്ത അരിപ്പൊടി - 1 കപ്പ്

തിളച്ച വെള്ളം - 1 കപ്പ്

ഉപ്പ് - ആവശ്യത്തിന്

ചിരകിയ നാളികേരം - 1/ 2 കപ്പ്

ശർക്കര - 2 അച്ച്

വരട്ടിയെടുത്ത ചക്ക - 1/ 2 കപ്പ്

ഏലക്കായ - 2 എണ്ണം ( പൊടിച്ചത് )

വഴനയില - ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം :


1 . ആദ്യം ചക്ക വരട്ടിയെടുക്കണം .ഇതിനായി നോൺസ്റ്റിക് പാനിൽ 1 കപ്പ് നന്നായി പഴുത്ത ചക്ക തേങ്ങാപ്പാലിൽ വേവിച്ചെടുക്കുക (നന്നായി പഴുത്ത ചക്ക ആണെങ്കിലേ ആവശ്യത്തിന് വെന്തു കിട്ടുകയുള്ളു, അല്ലെങ്കിൽ പ്രെഷർ കുക്കറിൽ 2 വിസിൽ കൊടുക്കേണ്ടി വരും ).ഇതിലേക്ക് ചീകിയെടുത്ത 1 അച്ച് ശർക്കരയും 1 1/ 2 ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടിയെടുക്കുക .

2 . അടുത്തതായി കുമ്പിളുകുത്തി അപ്പം തയ്യാറാക്കിയെടുക്കാം .ഒരു ബൗളിൽ 1 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക അതിലേക്ക് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ആവശ്യത്തിന് ചേർത്ത് നൂലപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക .ഇനി 1/ 2 കപ്പ് ചിരകിയ നാളികേരം , 1/ 2 കപ്പ് വരട്ടിയെടുത്ത ചക്ക , 2 അച്ച് ശർക്കര ചീകിയെടുത്തതും ഏലക്കായ പൊടിച്ചതും ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക ( പൊടിയുടെ നനവ് കൂടുതലുണ്ട് എന്ന് തോന്നുകയാണെങ്കിൽ കുറച്ചു കൂടി വറുത്ത പൊടി ചേർത്ത് കൊടുക്കാം ). ഇനി ഓരോ വഴനയിലയിലയും കുമ്പിളുകുത്തി ചക്കക്കൂട്ട് ഉള്ളിൽ വച്ച് 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുക .ചക്ക കുമ്പിളപ്പം തയ്യാർ .

Note : 6 -7 കുമ്പിളപ്പം തയ്യാറാക്കിയെടുക്കാൻ വേണ്ട ചക്ക വരട്ടിയെടുക്കാനുള്ള അളവാണ് മുകളിൽ കൊടുത്തിരിക്കുന്നത് .


Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page