top of page

ചിക്കൻ സേമിയാ ബിരിയാണി

  • Writer: Neethu Midhun
    Neethu Midhun
  • Jun 25, 2018
  • 2 min read

പലതരം ബിരിയാണികൾ നമ്മൾ കഴിക്കാറുണ്ട് , ചിക്കൻ ബിരിയാണി , മട്ടൺ ബിരിയാണി , ബീഫ് ബിരിയാണി , മുട്ട ബിരിയാണി , വെജിറ്റബിൾ ബിരിയാണി അങ്ങനെ പോകുന്നു ഒരു നീണ്ട നിര തന്നെ . ഈ ബിരിയാണികൾ എല്ലാം തന്നെ സാധാരണ നമ്മൾ തയ്യാറാക്കുന്നത് അരിവച്ചാണ് അല്ലെ ? അതായത് ബസുമതി അരിയോ ജീരകശാല അരിയോ ഒക്കെ വച്ച് . അപ്പോൾ ഇതിനൊരു ട്വിസ്റ്റ് കൊടുത്ത്‌ അരിക്ക് പകരം സേമിയ വച്ച് ബിരിയാണി ഉണ്ടാക്കി നോക്കിയാലോ ? സംശയം വേണ്ടാട്ടോ സ്വാദ് ഗ്യാരണ്ടീയാ . പായസം ഉണ്ടാക്കാൻ മാത്രമല്ല ഒരു കിടിലൻ ബിരിയാണി ഉണ്ടാക്കാനും സേമിയ വച്ച് പറ്റും .


ആവശ്യമുള്ള സാധനങ്ങൾ :


ചിക്കൻ - 500 ഗ്രാം

സേമിയ - 175 ഗ്രാം

സബോള - 1 1/ 2 എണ്ണം നീളത്തിൽ അരിഞ്ഞത്

തക്കാളി - 1 എണ്ണം ( കഷ്ണങ്ങളാക്കി നുറുക്കിയത് )

ഇഞ്ചി / വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ

പച്ചമുളക് - 3 എണ്ണം ( നെടുകെ കീറിയത് )

മുളക് പൊടി - 2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഗരം മസാല - 1 1/2 ടീസ്പൂൺ

( കറുക പട്ട - 2 ഇടത്തരം 1 ഇഞ്ച് നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കിയത്, ഏലയ്ക്ക - 5 എണ്ണം , ഗ്രാമ്പൂ - 6 എണ്ണം, തക്കോലം - 2 എണ്ണം ,പേരും ജീരകം - 2 ടീസ്പൂൺ, കശകശ - 1/ 2 ടീസ്പൂൺ, സാ ജീരകം - 1 / 2 ടീസ്പൂൺ ) ഇവ പൊടിച്ചെടുക്കുന്നതിൽ നിന്നും 1 1/2 ടീസ്പൂൺ എടുത്താൽ മതിയാകും ബാക്കി പിന്നീട് ആവശ്യം വരുമ്പോൾ ഉപയോഗിക്കാം .

തൈര് - 3 ടീസ്പൂൺ

ചെറുനാരങ്ങാ നീര് - 3/ 4 ടീസ്പൂൺ

നെയ്യ് - 4 1/2 ടീസ്പൂൺ

എണ്ണ - 2 ടേബിൾസ്പൂൺ

സ്‌പൈസസ് - കറുകപ്പട്ട - 2 ചെറിയ കഷ്ണം ,

കരയാംബൂ - 3 എണ്ണം ,

ഏലക്കായ - 2 എണ്ണം

തക്കോലം - 1 എണ്ണം

പേരും ജീരകം - 1 / 4 ടീസ്പൂൺ

മല്ലിയില , പുതിനയില - ഓരോ പിടി വീതം

കശുവണ്ടി , ഉണക്കമുന്തിരി വറുത്തത് - 1/4 കപ്പ് വീതം


ഉണ്ടാക്കുന്ന വിധം :


1 .ആദ്യം സേമിയ വേവിച്ചെടുക്കണം . അതിനായി ഒരു പാത്രത്തിൽ അധികം വെള്ളം വച്ച് , തിള വരുമ്പോൾ പാകത്തിന് ഉപ്പ് ചേർക്കണം .കൂടാതെ 3 ടീസ്പൂൺ എണ്ണയും ചേർത്ത് കൊടുക്കണം. തമ്മിൽ ഒട്ടാതിരിക്കനാണ് ഇങ്ങനെ ചെയ്യുന്നത് . ഒടുവിൽ സേമിയ ചേർത്ത്, 4 മിനിറ്റ് വേവിച്ചെടുക്കണം ( 4 മിനുറ്റിൽ കൂടരുത് .സേമിയയുടെ വേവ് പകമായിരിക്കണം ).

2 . 4 മിനിറ്റിന് ശേഷം സേമിയ വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത്‌ , മുകളിൽ തണുത്ത വെള്ളമൊഴിച്ച് കൊടുക്കണം .കൂടുതൽ വേവാതിരിക്കാനും ഒട്ടിപ്പ് മുഴുവനായി പോകാനുമാണ് ഇങ്ങനെ ചെയ്യുന്നത് .

3 . ബിരിയാണിക്ക് വേണ്ട ഗരം മസാല പൊടിച്ചെടുത്ത്‌ വയ്ക്കുക ( പാക്കറ്റ് ഗരം മസാല വേണമെങ്കിൽ ഉപയോഗിക്കാം) .

4 . ഒരു നോൺ സ്റ്റിക് പാനിൽ 2 ടേബിൾസ്പൂൺ എണ്ണയും ഒരു ടീസ്പൂൺ നെയ്യും ചേർത്ത്‌ ചൂടാക്കുക .ചൂടായി വരുമ്പോൾ സ്‌പൈസസ് ചേർക്കുക ( പട്ട , ഗ്രാമ്പൂ , ഏലക്കായ , താക്കോലം , പെരും ജീരകം ). തുടർന്ന് അരിഞ്ഞു വച്ചിരിക്കുന്ന സബോള , ഇഞ്ചി വെളുത്തുള്ളി ചതച്ചത് , പച്ചമുളക് , എടുത്തു വച്ചിരിക്കുന്നതിൽ പകുതി മല്ലിയിലയും പുതിനയിലയും കൂടി ചേർത്ത് നന്നായി വഴറ്റുക .നന്നായി വഴന്നു വരുമ്പോൾ ,മുളക്പൊടി,മഞ്ഞൾ പൊടി അവവശ്യത്തിന് ഉപ്പ് , 1 1/2 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറും വരെ എണ്ണയിൽ നന്നായി മൂപ്പിക്കുക.

5 .അടുത്തതായി ചിക്കൻ ചേർത്ത് കൊടുത്ത്‌ മസാലയുമായി നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം , അടച്ച് വച്ച് 5 മിനിറ്റ് ചെറുതീയിൽ വേവിക്കുക ( ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം ,അടിക്ക് പിടിക്കാതെ നോക്കണം ) . ഇപ്പോൾ ചിക്കനിൽ നിന്ന് കുറച്ച് വെള്ളമൊക്കെ ഇറങ്ങി വന്ന് വെന്തു തുടങ്ങിയിട്ടുണ്ടാവും

6. ഇനി ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക തുടർന്ന് , തൈര് , 3 / 4 ടീസ്പൂൺ ചെറുനാരങ്ങാ നീര്, 2 ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി ചിക്കൻ പാകത്തിന് വേവിച്ചെടുക്കുക . ഉപ്പ് , ഗരം മസാല എന്നിവ നോക്കി ആവശ്യമെങ്കിൽ ചേർക്കുക. ഇതോടെ ചിക്കന്റെ മസാല തയ്യാർ .

7 . ഇനി ചിക്കൻറെ മസാലക്ക് മുകളിൽ വേവിച്ച് വച്ചിരിക്കുന്ന സേമിയ നിരത്തുക . അതിനു മുകളിൽ 1 1/2 ടീസ്പൂൺ നെയ്യ്, വറുത്തെടുത്ത അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , മല്ലിയില , പുതിനയില അരിഞ്ഞത് എന്നിവ ചേർത്ത് പാത്രം ഒരു അടപ്പു കൊണ്ട് മൂടി 10 മിനിറ്റ് വളരെ ചെറിയ തീയിൽ ദം ചെയ്തെടുക്കുക . അടിപൊളി ചിക്കൻ സേമിയ ബിരിയാണി തയ്യാർ

Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Commentaires


SUBSCRIBE VIA EMAIL

bottom of page