ചിക്കൻ കട്ലറ്റ്
- Neethu Midhun
- Aug 22, 2018
- 2 min read
നല്ല സ്‌പൈസി ആയി ചിക്കൻ കട്ലറ്റ് ഉണ്ടാക്കി നോക്കിയാലോ ? മൊരിഞ്ഞ കരുകരുപ്പായ കട്ലറ്റ് നല്ല ചൂടൻ കാപ്പിക്കൊപ്പം ഒന്ന് കഴിച്ചു നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ - 250 ഗ്രാം ( എല്ലില്ലാത്തത് )
സബോള - 2 എണ്ണം ചെറുതായരിഞ്ഞത്
ഉരുളൻ കിഴങ്ങ് - 2 എണ്ണം പുഴുങ്ങിയത്
ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്
വെളുത്തുള്ളി - 8 അല്ലി ചതച്ചത്
പച്ചമുളക് - 4 എണ്ണം ചതച്ചത്
വേപ്പില - 2 തണ്ട് പൊടിയായി അരിഞ്ഞത്
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
കുരുമുളക് പൊടി - 3/ 4 ടീസ്പൂൺ + 1 ടീസ്പൂൺ
മുളക്പൊടി - ഒരു ടീസ്പൂൺ
ഗരം മസാല - 2 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂൺ
ചിക്കൻ മസാല - 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മുട്ടയുടെ വെള്ള - രണ്ടെണ്ണത്തിന്റേത്
ബ്രെഡ് ക്രമ്സ് - 3 ടേബിൾസ്പൂൺ + 3 / 4 കപ്പ്
എണ്ണ - 2 1/ 2 ടേബിൾസ്പൂൺ വഴറ്റാൻ + കട്ലറ്റ് വറുക്കാൻ ആവശ്യമുള്ളത്
വെള്ളം - 1 / 4 കപ്പ് ചിക്കൻ വേവിക്കാൻ
ഉണ്ടാക്കുന്ന വിധം :
1 . 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ എടുത്ത് കുക്കറിൽ 1/ 4 കപ്പ് വെള്ളവും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു വിസിൽ കൊടുത്ത് വേവിച്ചെടുക്കുക . പ്രെഷർ പോയ ശേഷം തുറന്ന് ചിക്കൻ പീസുകൾ സ്റ്റോക്കിൽ നിന്നും മാറ്റി പിച്ചിയെടുക്കുക ( സ്റ്റോക്ക് മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം ) .
2 . രണ്ടു ഉരുളൻ കിഴങ്ങ് കുക്കറിൽ വേവാൻ പാകത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു വിസിൽ കൊടുത്ത് വേവിക്കുക . ചൂടാറിയ ശേഷം ഉരുളൻ കിഴങ്ങ് നന്നായി ഉടച്ചെടുക്കുക .
3 . ഒരു പാനിൽ 2 1/ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സബോള, ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , പച്ചമുളക് ചതച്ചത് , വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക .ഇതിലേക്ക് മഞ്ഞൾപൊടി , മുളക്പൊടി , കുരുമുളക് പൊടി , ഗരം മസാല , പെരുംജീരകം പൊടിച്ചത് , ചിക്കൻ മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പടികളുടെ പച്ചമണം മാറും വരെ മൂപ്പിച്ചെടുക്കുക . ഇനി തയ്യാറാക്കി വച്ച ചിക്കൻ ചേർത്ത് യോജിപ്പിച്ച് രണ്ട് മിനിറ്റ് വഴറ്റി അതിലേക്ക് ഉടച്ച് വച്ച ഉരുളൻ കിഴങ്ങും 3 ടേബിൾസ്പൂൺ ബ്രെഡ് ക്രമ്സും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഉപ്പ് നോക്കി ആവശ്യമെങ്കിൽ ഈ സ്റ്റേജിൽ ചേർത്ത് കൊടുക്കാം .
4 . തയ്യാറാക്കിയ മസാല തണുത്ത ശേഷം കൈ വച്ച് നന്നായി കൂട്ടി യോജിപ്പിക്കുക . കൈയിൽ പറ്റാതെ ഉരുള ഉരുട്ടിഎടുക്കാൻ പറ്റുന്ന പാകത്തിലായിരിക്കണം ഉണ്ടാകേണ്ടത് . ഇതിങ്ങനെ ഓവൽ ഷേപ്പിലോ വട്ടത്തിലോ ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുത്ത് വയ്ക്കുക .
5 . ഒരു ബൗളിൽ രണ്ട് മുട്ടയുടെ വെള്ളയും ഒരു പ്ലേറ്റിൽ 3/ 4 കപ്പ് ബ്രെഡ് ക്രമ്സും തയ്യാറാക്കി വയ്ക്കുക . ഇനി ഇനി ഓരോ കട്ലെറ്റും മുട്ടയുടെ വെള്ളയിൽ മുക്കിയെടുത്ത് ബ്രെഡ് ക്രമ്സിൽ റോൾ ചെയ്ത് പ്ലേറ്റിൽ നിരത്തുക .
6 . ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കട്ലറ്റ് നല്ല കരുകരുപ്പായി വറുത്ത് കോരുക . ടൊമാറ്റോ കെറ്റ്ച്ചപ്പിന്റെ കൂടെ ചൂടോടെ സെർവ് ചെയ്യാം .
Comments