ഗോതമ്പ് പായസം
- Neethu Midhun
- Jul 20, 2018
- 2 min read
ഗോതമ്പ് പായസം അറിയാത്ത ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല പാസയം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന പേരുകളാവും ഗോതമ്പ് പായസവും പാലടയും പരിപ്പ് പായസവുമൊക്കെ . ഓണത്തിനും പിറന്നാളിനും കല്യാണത്തിനും എന്ന് വേണ്ട എല്ലാ വിശേഷാവസരങ്ങൾക്കും ഗോതമ്പ് പായസം ഉണ്ടാക്കാറുണ്ടാവും . താഴെ പറയുന്ന അതേ അളവിൽ പായസം ഒന്ന് തയ്യാറാക്കി നോക്കൂ പെർഫെക്റ്റ് സ്വാദിൽ പായസം റെഡി .

ആവശ്യമുള്ള സാധനങ്ങൾ :
നുറുക്ക് ഗോതമ്പ് - 1 കപ്പ്
വെള്ളം - 1 1/ 2 മുതൽ 1 3/ 4 കപ്പ് വരെ
നാളികേരം - 5 1 / 2 കപ്പ് ( പാൽ പിഴിഞ്ഞെടുക്കാൻ )
ഒന്നാം പാൽ - 1 1/ 2 കപ്പ്
രണ്ടാം പാൽ - 2 1/ 2 കപ്പ്
ശർക്കര പാനി ( ഉരുക്കിയത് ) - 3 കപ്പ്
കശുവണ്ടി പരിപ്പ് ( നെയ്യിൽ വറുത്തത് ) - ഒരു പിടി
ഉണക്ക മുന്തിരി ( നെയ്യിൽ വറുത്തത് ) - ഒരു പിടി
ഏലക്കായ - 4 - 5 എണ്ണം പൊടിച്ചെടുത്തത്
നെയ്യ് - 3 ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1 . ഒരു കപ്പ് നുറുക്ക് ഗോതമ്പ് നന്നായി കഴുകിയെടുത്ത് 1 1/ 2 മുതൽ 1 3/ 4 കപ്പ് വരെ വെള്ളം ചേർത്ത് കുക്കറിൽ ചുരുങ്ങിയത് 2 മുതൽ 3 വിസിൽ വരെ കൊടുത്ത് നന്നായി വേവിച്ചെടുക്കുക ( ഗോതമ്പ് നന്നായി വെന്തു എന്നുറപ്പുവരുത്തണം )* .പ്രഷർ പോയ ശേഷം മാത്രം കുക്കർ തുറക്കുക .
2 . അടുത്തതായി 3 കപ്പ് ശർക്കര പാനി തയ്യാറാക്കിയെടുക്കണം . ( ഏകദേശം 500 ഗ്രാം ശര്ക്കര എങ്കിലും വണ്ടി വരും. ഇത് വെള്ളം ചേർത്ത് മുഴുവനായി തരിയില്ലാതെ ഉരുക്കി എടുക്കണം ).
3 . ഇനി കുക്കറിൽ വേവിച്ചു വച്ചിരിക്കുന്ന ഗോതമ്പ് വെള്ളത്തോട് കൂടി ഒരു ഉരുളിയിലേക്ക് മാറ്റി അതിലേക്ക് 3 കപ്പ് ശർക്കര പാനി ചേർത്ത് വേവിക്കുക . മധുരം നോക്കി കൂട്ടിയോ കുറച്ചോ ഇഷ്ടത്തിന് അനുസരിച്ച് ചേർക്കാം .
4 . തുടർന്ന് പിഴിഞ്ഞ് വച്ചിരിക്കുന്ന രണ്ടാം പാൽ ചേർക്കുക . പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക, തുടരെ ഇളക്കി കൊടുക്കുക. രണ്ടാം പാൽ നന്നായി വെന്തു കുറുകി വരണം .
5 .രണ്ടാം പാൽ ചേർത്ത് നന്നായി തിളച്ച് കുറുകി വന്നാൽ ഒന്നാം പാൽ ചേർത്ത് കൊടുക്കാം . ഒന്നാം പാൽ ചേർത്ത് കൂടുതൽ വേവിക്കണമെന്നില്ല . തലപ്പാൽ ചേർത്ത് തിള വന്നാൽ തീ അണയ്ക്കാം .
6 . 5 ഏലക്കായ പൊടിച്ചെടുത്ത് പായസത്തിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി കൊടുക്കുക.
7 .അവസാനം നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുത്ത് മുകളിൽ ഇടാം .ഇതോടെ ഗോതമ്പ് പായസം തയ്യാർ .
Note : എല്ലാം മുകളിൽ പറഞ്ഞ പോലെ മെഷർമെന്റ് കപ്പിൽ തന്നെ അളന്നെടുക്കണം.
Comments