കക്ക ഇറച്ചി റോസ്‌റ് ( Clam Dry Roast )
- Neethu Midhun
- Jul 4, 2018
- 2 min read
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കക്ക ഇറച്ചി. പ്രോട്ടീൻസ് , മിനെറൽസ് , വിറ്റമിൻസ് , ഒമേഗ - 3 ഫാറ്റി ആസിഡ്സ് മുതലായവയുടെയൊക്കെയും കലവറ കൂടിയാണ് കക്കയിറച്ചി . ഈ ഗുണങ്ങൾക്കെല്ലാം പുറമെ സ്വാദിന്റെ കാര്യത്തിൽ മലയാളിക്ക് ഒഴിവാക്കാണ് പറ്റാത്ത ഒരു സീഫുഡ് വിഭവം കൂടിയാണ് . ഉലർത്തിയെടുത്താലും റോസ്‌റ് ചെയ്താലുമൊക്കെ കിടിലൻ ടേസ്റ്റണിതിന് . ബീഫ് വരട്ടിയെടുക്കുന്ന പോലെ നല്ല ബ്രൗൺ നിറത്തിൽ റോസ്‌റ് ചെയ്‌തെടുത്ത് നല്ല കുത്തരി ചോറിനൊപ്പം ഒന്ന് കഴിച്ചു നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
കക്കയിറച്ചി - 500 ഗ്രാം ( കക്കയുടെ ഉള്ളിലെ അഴുക്കെല്ലാം കളഞ് 3 - 4 തവണ വെള്ളത്തിൽ വൃത്തിയായി കഴുകി മണ്ണും ചളിയും മുഴുവൻ കളഞ്ഞെടുക്കുക )
സബോള - 1 വലുത് ( നീളത്തിൽ അരിഞ്ഞത് )
ഇഞ്ചി - 1 ടേബിൾസ്പൂൺ ( പൊടിയായി അരിഞ്ഞത് )
വെളുത്തുള്ളി - 1 ടേബിൾസ്പൂൺ ( പൊടിയായി അരിഞ്ഞത് )
വേപ്പില - 2 തണ്ട്
മഞ്ഞൾ പൊടി - 1 ടീസ്പൂൺ +1/ 2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മുളക് പൊടി - 1 + 1 1/ 2 ടീസ്പൂൺ
കുരുമുളക് പൊടി - 1/ 2 മുതൽ 3/ 4 ടീസ്പൂൺ
ഗരം മസാല - 1 3 / 4 ടീസ്പൂൺ ( പട്ട - 1 ഇഞ്ച് നീളത്തിൽ 2 കഷ്ണം , ഏലക്കായ - 2 എണ്ണം , തക്കോലം - 1 എണ്ണം , കരയാമ്പൂ - 4 എണ്ണം , പെരും ജീരകം - 1 ടീസ്പൂൺ തുടഗിയവ ചൂടാക്കി പൊടിച്ചെടുത്തത് )
പെരും ജീരകപ്പൊടി - 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 1/ 2 ടേബിൾസ്പൂൺ
വെള്ളം - 1/ 2 കപ്പ്
ഉണ്ടാക്കുന്ന വിധം :
1 . കക്ക ഉള്ളിലെ അഴുക്കെല്ലാം കളഞ് 3 - 4 തവണ വെള്ളത്തിൽ വൃത്തിയായി കഴുകി മണ്ണും ചളിയും മുഴുവൻ കളഞ്ഞെടുക്കുക .
2. അതിനു ശേഷം കുക്കറിൽ കക്കയിറച്ചിയോടൊപ്പം 1/ 2 കപ്പ് വെള്ളവും 1 ടീസ്പൂൺ മുളക്പൊടി, 1 ടീസ്പൂൺ മഞ്ഞൾപൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മീഡിയം തീയിൽ 1 വിസിൽ കൊടുക്കുക .ഒരു വിസിൽ വന്നാൽ തീ സിമ്മിലേക്ക് മാറ്റി 5 മിനിറ്റ് വേവിച്ചതിന് ശേഷം തീ അണക്കുക ( കക്ക നന്നായി വെന്തു എന്നുറപ്പ് വരുത്തണം . ശരിക്ക് വെന്തില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ).പ്രഷർ പോയതിനുശേഷം തുറന്ന് അധികം വെള്ളമുണ്ടെങ്കിൽ കുക്കർ തുറന്നു വച്ച് വറ്റിച്ചെടുക്കുക .
3 . ഇനി ഒരു നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സബോള , ഇഞ്ചി , വെളുത്തുള്ളി , വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറ്റിയെടുക്കുക . ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി , മുളക്പൊടി , മല്ലിപ്പൊടി , കുരുമുളക്പൊടി , ഗരംമസാല , പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. പൊടികൾ നന്നായി മൂത്തുവന്നാൽ വേവിച്ചു വച്ചിരിക്കുന്ന കക്കയിറച്ചി ചേർത്ത് മിക്സ് ചെയ്യുക . ഇനി ഇത് ചെറു തീയിൽ നല്ല ബ്രൗൺ നിറമാകും വരെ റോസ്‌റ് ചെയ്തെടുക്കുക . ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം .ഇതോടെ കക്കയിറച്ചി റോസ്‌റ് തയ്യാർ.
Comments