top of page

കൂർക്കയും ചാളയും കൂടി ഉലർത്തിയത്

  • Writer: Neethu Midhun
    Neethu Midhun
  • Jul 7, 2018
  • 1 min read

കൂർക്കയും ചാളയും കൂടി ഉലർത്തിയെടുത്തത് എത്രപേർക്ക് പരിചയമുള്ള ഒന്നാണെന്നറിയില്ല . പക്ഷെ വീട്ടിൽ ഇടയ്ക്കൊക്കെ ഉണ്ടാക്കുന്ന ഒന്നാണ് . ചോറിന്റെ കൂടെ മാത്രമല്ലോട്ടോ വൈകുന്നേരം കട്ടൻ ചായയുടെ കൂടെയും അസാധ്യ ചേർച്ചയാണ് . ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. നല്ല നാടൻ രുചിയിഷ്ടമുള്ളവർ തീർച്ചയായും പരീക്ഷിക്കാതെ പോകരുത് .



ആവശ്യമുള്ള സാധനകൾ :


കൂർക്ക - 500 ഗ്രാം ( തൊലി കളഞ്ഞു വൃത്തിയാക്കിയത് )

ചാള - 500 ഗ്രാം ( വൃത്തിയാക്കിയത് )


ചതച്ചെടുക്കാൻ :


ചെറുള്ളി - 10 അല്ലി

വെളുത്തുള്ളി - 6 അല്ലി

ഇഞ്ചി - 2 ഇടത്തരം കഷ്ണം

പച്ചമുളക് - 6 എണ്ണം

വേപ്പില - ഒരു തണ്ട്


കൂർക്ക വേവിക്കാൻ - 1/ 4 കപ്പ് വെള്ളം

ചാള വേവിക്കാൻ - 1 / 2 കപ്പ് വെള്ളം

മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ + 1/ 4 ടീസ്പൂൺ

ചതച്ചമുളക് - 3 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

കുടംപുളി - 2 കഷ്ണം

വേപ്പില - 2 തണ്ട്

ഉണ്ടാക്കുന്ന വിധം :


1 . കൂർക്ക തൊലിയെല്ലാം കളഞ്ഞെടുത്ത്‌ വൃത്തിയായി കഴുകി ഓരോന്നും രണ്ടായി മുറിച്ച് വയ്ക്കുക . ഇനി ഇതൊരു കുക്കറിലേക്ക് മാറ്റി 1/ 4 കപ്പ് വെള്ളവും 1/ 4 ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക ( ഒറ്റ വിസിൽ മതിയാകും . പ്രെഷർ മുഴുവൻ പോയതിന് ശേഷം മാത്രം തുറക്കുക ) .

2 . ചെറുള്ളി ,വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക് , വേപ്പില എന്നിവ ഒരു കല്ലിൽ ചതച്ചെടുത്ത്‌ വയ്ക്കുക .

3 . ഒരു മൺചട്ടിയിൽ 2 1/ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചതച്ചെടുത്തു വച്ചിരിക്കുന്ന കൂട്ടും വേപ്പിലയും ചേർത്ത് പച്ചമണം മാറും വരെ നന്നായി എണ്ണയിൽ വഴറ്റിയെടുക്കുക . അതിന് ശേഷം 1/ 2 ടീസ്പൂൺ മഞ്ഞൾപൊടിയും 3 ടീസ്പൂൺ ചതച്ചമുളകും ചേർത്ത് മൂപ്പിച്ചെടുക്കുക .തുടർന്ന് ഇതിലേക്ക് 1/ 2 കപ്പ് വെള്ളവും 2 കഷ്ണം കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക .തിളവന്നാൽ കഴുകി വച്ചിരിക്കുന്ന ചാള ചേർത്ത് കൊടുക്കുക .

4 . ചാള നന്നായി വെന്തു വെള്ളം വറ്റിവന്നാൽ ഓരോ ചാളയും കറിയിൽ നിന്നെടുത്ത്‌ മുള്ള് നീക്കം ചെയ്ത് കറിയിലേക്ക് തന്നെ ചേർത്ത് കൊടുക്കുക. ഇനി വേവിച്ചു വച്ചിരിക്കുന്ന കൂർക്ക ചേർത്ത് ചാളയുമായി നന്നായി ഇളക്കി യോജിപ്പിക്കുക ( ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം ).

5 . അവസാനം മുകളിൽ പച്ച വെളിച്ചെണ്ണയും വേപ്പിലയും തൂവി വാങ്ങാം .






Recent Posts

See All
മീൻ ബിരിയാണി

നെയ് മീൻ - 500 ഗ്രാം സബോള - 3 എണ്ണം ( മസാലയ്ക്ക് ) - 2 എണ്ണം വറുക്കാൻ ( ബിസ്ത ) ഇഞ്ചി - ഒരു മീഡിയം പീസ് ചതച്ചത്...

 
 
 

Comments


SUBSCRIBE VIA EMAIL

bottom of page