കൂർക്ക മെഴുക്കുപുരട്ടി
- Neethu Midhun
- Jun 23, 2018
- 1 min read
എനിക്കേറ്റവും ഇഷ്ടമുള്ള ഒരു മെഴുക്കുപുരട്ടിയാണിത് . എന്റെ തോന്നൽ ശരിയാണെങ്കിൽ എന്റെ മാത്രമല്ല ഒരു വിധം എല്ലാ മലയാളികളുടെയും ഹിറ്റ് ലിസ്റ്റിൽ പെടുന്ന ഒന്നാണിത്. കുത്തരി ചോറിന്റെ കൂടെ നല്ല ചതച്ച മുളകിട്ട് ഇത്തിരി എരിവോടെ തയ്യാറാക്കിയെടുത്ത കൂർക്ക മെഴുക്കുപുരട്ടിയുണ്ടെങ്കിലുണ്ടല്ലോ വേറൊന്നും വേണ്ട ഊണുകഴിക്കാൻ , കൂർക്ക മാത്രം മതി.മറ്റേതെങ്കിലും കറിയുടെ കൂടെയാണ് കഴിക്കുന്നതെങ്കിൽ കൂർക്കയുടെ രുചി ശരിക്കങ്ങോട്ട് ആസ്വദിക്കാൻ പറ്റാറില്ലന്നാണ് എനിക്ക് തോന്നാറുള്ളത് .

ആവശ്യമുള്ള സാധനങ്ങൾ :
കൂർക്ക ( തൊലികളഞ്ഞെടുത്ത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് ) - 2 കപ്പ്
മഞ്ഞൾ പൊടി - 1/ 4 ടീസ്പൂൺ
ചതച്ചമുളക് - 2 1/ 4 ടീസ്പൂൺ
ചെറുള്ളി - 10 എണ്ണം ( ചതച്ചത് )
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 1/ 4 ടേബിൾസ്പൂൺ
കറി വേപ്പില - 2 തണ്ട്
വെള്ളം ( കൂർക്ക വേവിക്കാൻ ) - 1/ 2 മുതൽ 3/ 4 കപ്പ് വെള്ളം
ഉണ്ടാക്കുന്ന വിധം :
1 . കൂർക്ക നന്നായി കഴുകി ചെളിയെല്ലാം കളഞ്ഞെടുക്കുക . അതിനുശേഷം തൊലി കളഞ്ഞെടുത്ത്, ചെറിയ കഷ്ണങ്ങളായി നുറുക്കി വയ്ക്കുക .
2 . ഇനി ഒരു പ്രെഷർ കുക്കറിൽ നുറുക്കിയെടുത്ത കൂർക്കയും ആവശ്യമുള്ള ഉപ്പും, മഞ്ഞൾപ്പൊടിയും വേവാൻ വേണ്ട വെള്ളവും ചേർത്ത് 1 വിസിൽ കൊടുത്ത് വേവിച്ചെടുക്കുക . ( പ്രെഷർ മുഴുവൻ പോയതിന് ശേഷം മാത്രം കുക്കർ തുറക്കുക , കുക്കറിൽ വെള്ളമുണ്ടെങ്കിൽ മൂടി തുറന്ന് വച്ച് ചെറുതീയിൽ വെള്ളം മുഴുവൻ വറ്റിച്ചെടുക്കുക ).വെള്ളം ഒട്ടും ആവശ്യമില്ല.
3.അടുത്തതായി ഒരു നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുള്ളി ചതച്ചതും വേപ്പിലയും ചേർത്ത് വഴറ്റുക . ഉള്ളി എണ്ണയിൽ കിടന്ന് നന്നായി വഴന്നതിന് ശേഷം ചതച്ചമുളക് ചേർത്ത് നല്ലവണ്ണം മൂപ്പിച്ചെടുക്കുക ( കരിഞ്ഞു പോകാതെ ശ്രെദ്ധിക്കണം)
4.അവസാനം ഇതിലേക്ക് ഉപ്പിട്ട് വേവിച്ചു വച്ചിരിക്കുന്ന കൂർക്ക ചേർത്ത് നന്നായി മിക്സ് ചെയ്തടുക്കുക. ഇനി ചെറുതീയിൽ ഒരു 3 മിനിട്ടെങ്കിലും കൂർക്ക വഴറ്റിയെടുക്കുക ( ചൂട് കയറ്റണം ) . ശേഷം വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റാം .
Note : കൂർക്ക അധികം വെന്തു പോകരുത് .
Comments