കുടംപുളിയിട്ട നാടൻ അയല കറി ( Macherel Curry )
- Neethu Midhun
- Jul 4, 2018
- 1 min read
അയല ഏറെ ഗുണങ്ങളുള്ളതും സ്വാദുള്ളതുമായ ഒരു മത്സ്യമാണ് . കുടംപുളിയിട്ട് മൺചട്ടിയിൽ നല്ല നാടൻ രീതിയിൽ എരിവോടെ ഉണ്ടാക്കിയാൽ ചോറിന് ഇതിനേക്കാൾ നല്ല കോമ്പിനേഷനില്ല .ഹൃദയ സംബദ്ധമായ രോഗങ്ങൾ ഉള്ളവർക്ക് പോലും അയല വളരെ നല്ലതാണ്. ഒമേഗ - 3 ഫാറ്റി അസിഡ്സിന്റെയും വിറ്റാമിൻ D , E മുതലായവയുടെയും പ്രോട്ടീന്റെയുമെല്ലാം ഉറവിടവുമാണ് അയല . അതുകൊണ്ടൊക്കെ തന്നെ അത്ര നിസ്സാരക്കാരനാണെന്ന് കരുതണ്ട.

ആവശ്യമുള്ള സാധനങ്ങൾ :
അയല - 1 kg
ഉലുവ - 1/ 4 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
ചുവന്നുള്ളി - 15 എണ്ണം
വെളുത്തുള്ളി - 4 അല്ലി ( നീളത്തിൽ അരിഞ്ഞത് )
ഇഞ്ചി - ഒരു മീഡിയം സൈസ് ( ചതിച്ചെടുത്തത് )
പച്ചമുളക് - 5 എണ്ണം
വേപ്പില - 2 തണ്ട്
മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
മുളക് പൊടി - 3 1/ 2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
പെരും ജീരകപ്പൊടി - 1/ 2 ടീസ്പൂൺ
വെള്ളം - 3/ 4 ഗ്ലാസ്
കുടംപുളി - 4 പീസ് ( പുളി നോക്കി ചേർക്കുക )
നാളികേരപ്പാൽ -
ഒന്നാം പാൽ - 1 1/ 4 കപ്പ്
രണ്ടാം പാൽ - 1 1/ 4 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1 . ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് 1/ 4 ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക . ചൂടായി വരുമ്പോൾ ചതച്ചു വച്ചിരിക്കുന്ന ചുവന്നുള്ളി , ഇഞ്ചി , അരിഞ്ഞു വച്ച വെളുത്തുള്ളി , പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
2 . വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി , മുളക് പൊടി , മല്ലിപ്പൊടി , ഉപ്പ് എന്നിവ ചേർത്ത് എണ്ണയിൽ ചൂടാക്കി നിറം മാറുന്നതിന് മുൻപ് 3/ 4 ഗ്ലാസ് വെള്ളം ചേർക്കുക( പൊടികൾ കരിയാതെ ശ്രദ്ധിക്കണം . പൊടിയുടെ നിറം മാറിയാൽ കറിയുടെ നിറവും ഇരുണ്ടതാകും ) .ഇനി ഇതിലേക്ക് 4 പീസ് കുടംപുളി ചേർത്ത് തിളപ്പിക്കുക .
3 . അടുത്തതായി വൃത്തിയായി കഴുകി നുറുക്കി വച്ചിരിക്കുന്ന അയല മീൻ കഷ്ണങ്ങൾ ചേർക്കുക . നന്നായി തിളക്കാൻ അനുവദിക്കുക .5 മിനുട്ടിനു ശേഷം അടിച്ചു വച്ചിരിക്കുന്ന 1 1/ 4 ഗ്ലാസ് രണ്ടാം പാൽ ചേർക്കുക . ഇത് തിളച്ച് വറ്റി വന്നതിന് ശേഷം പെരും ജീരകപ്പൊടി ചേർത്തു കൊടുക്കുക .
4 .ഇനി ഒന്നാം പാൽ ചേർത്ത് കൊടുക്കാം . എല്ലാം കൂടി തിളച്ച് വറ്റി എണ്ണ തെളിയുന്ന പരുവമായാൽ .മീൻ കറി തയ്യാറായി എന്നാണർത്ഥം .
Commentaires