Vazhakkoombu Parippu Thoran
- Neethu Midhun
- Apr 6, 2018
- 1 min read
വാഴക്കൂമ്പ് പരിപ്പ് തോരൻ സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന ഒന്നാണ് . സ്വാദും ഗുണമേന്മയുമുള്ള ഒരു തോരനാണിത് .വിറ്റാമിൻ എ, വിറ്റാമിൻ സി, ഫൈബർ , പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് വാഴക്കൂമ്പ് .ഹൃദയ സംബദ്ധമായ രോഗങ്ങൾ കുറയ്ക്കാനും കൊളെസ്ട്രോൾ ലെവൽ കുറയ്ക്കാനുമെല്ലാം വളരെ അധികം സഹായിക്കുന്ന ഒന്നുകൂടിയാണിത് .

ആവശ്യമുള്ള സാധനങ്ങൾ :
വാഴക്കൂമ്പ് ചെറുതായി അരിഞ്ഞത് - 1 കപ്പ്
വേവിച്ചെടുത്ത പരിപ്പ് - 1 / 4 കപ്പ്
ചിരകിയെടുത്ത നാളികേരം - 1 / 2 കപ്പ്
ചെറുള്ളി ചതച്ചത് - 6 എണ്ണം
ചതച്ച മുളക് - 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
പരിപ്പ് വേവിക്കാൻ ആവശ്യമായ വെള്ളം
വെളിച്ചെണ്ണ - (1 ടേബിൾസ്പൂൺ ) വാഴക്കൂമ്പ് വഴറ്റിയെടുക്കാൻ
(2 ടേബിൾസ്പൂൺ ) നാളികേരവും മുളകും മൂപ്പിക്കാൻ
വേപ്പില - 1 തണ്ട്
ഉണ്ടാക്കുന്ന വിധം :
1 . വാഴക്കൂമ്പിന്റെ പുറമെ ഉള്ള പാളികൾ കുറച് അടർത്തി കളയുക .എന്നിട്ടു ബാക്കിയുള്ള ഭാഗം ചെറുതായി അരിഞ്ഞെടുത്തു വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വച്ച് കറ കളഞ്ഞതിന് ശേഷം ഊറ്റി എടുക്കുക .
2 . പരിപ്പ് ആവശ്യത്തിന് ഉപ്പ് ചേർത്ത് പൊടിഞ്ഞു പോകാതെ വേവിച്ചെടുത്തു വയ്ക്കുക .
3 . ഇനി ഒരു നോൺ സ്റ്റിക് പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് അരിഞ്ഞു വാർത്തു വച്ചിരിക്കുന്ന വാഴക്കൂമ്പ് വഴറ്റിയെടുക്കുക .
4 . മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം ചതച്ചെടുത്തു വച്ച ചെറുള്ളി ചേർത്ത് കൊടുക്കുക .ഇതിലേക്ക് വേപ്പില ചേർക്കുക .ഉള്ളി വഴന്നു വന്നതിന് ശേഷം ചതച്ച മുളക് ചേർത്ത് എണ്ണയിൽ മൂപ്പിച്ചെടുക്കുക .ഇതിലേക്ക് നാളികേരം ചേർത്ത് 1 മിനുട്ട് വഴറ്റി , പരിപ്പും എണ്ണയിൽ വഴറ്റിയ വാഴക്കൂമ്പും ചേർത്ത് നല്ല പോലെ മിക്സ് ചെയ്തെടുക്കുക .ഇനി ഈ കൂട്ട് ചെറു തീയിൽ( മൂടി തുറന്നു വച്ച് ) നന്നായി വലിയിച്ചെടുക്കുക.
5 . ചെറു ചൂടോടെ ചോറിനൊപ്പം കഴിക്കാം .
Comments