Thengakkothitta Chicken capsicum Curry
- Neethu Midhun
- Apr 9, 2018
- 2 min read
Updated: Apr 10, 2018
ചിക്കൻ ഇഷ്ടമല്ലാത്തതാർക്കാണ്?വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന എന്നാൽ രുചിയിൽ മുന്നിൽ തന്നെ നിൽക്കുന്ന ഒരു ചിക്കൻ കറിയാണിത് . ക്യാപ്സിക്കവും നാളികേര കൊത്തുമൊക്കെയിട്ട ഒരടിപൊളി ചിക്കൻ കറി .

ആവശ്യമുള്ള സാധനങ്ങൾ :
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കിയത് - 1500 ഗ്രാം
കാപ്സികം - 1 ഇടത്തരം
നാളികേരക്കൊത്ത - ഒരു മുറി നാളികേരത്തിന്റേത്
സബോള നീളത്തിൽ അരിഞ്ഞത് - 4 ഇടത്തരം
ചെറുള്ളി ചതച്ചത് - 1 1 / 2 കപ്പ് ( 25 എണ്ണം )
വെളുത്തുള്ളി ചതച്ചത് - 1 ഉണ്ട
ഇഞ്ചി ചതച്ചത് - 1 വലിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
വേപ്പില - 3 തണ്ട്
മല്ലിപൊടി - 2 ടേബിൾസ്പൂൺ + 1 1/2 ടേബിൾസ്പൂൺ
മുളക്പൊടി - 1 1/ 2 ടേബിൾസ്പൂൺ + 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി - 1 1 / 2 ടീസ്പൂൺ
ഗരംമസാല - 1 / 2 ടേബിൾസ്പൂൺ + 1 / 2 ടേബിൾസ്പൂൺ
പെരുംജീരക പൊടി - 3 / 4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
വെള്ളം - 1/ 2 മുതൽ 3/ 4 കപ്പ് വരെ( ചിക്കൻ വേവിക്കാൻ )
ഉണ്ടാക്കുന്ന വിധം :
1 . ചിക്കൻ വൃത്തിയായി കഴുകി വയ്ക്കുക.
2 . 2 ടേബിൾസ്പൂൺ മല്ലിപൊടി , 1 1/ 2 ടേബിൾസ്പൂൺ മുളകുപൊടി, 1 / 2 ടേബിൾസ്പൂൺ ഗരംമസാല എന്നിവ ചൂടാക്കി വയ്ക്കുക ( മസാല പൊടികൾ കരിയാതെ പ്രത്യേകം ശ്രദ്ധിക്കണം )
3 . ഒരു കുക്കറിലേക്ക് കഴുകി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് അതിലേക്ക് ചൂടാക്കി വച്ചിരിക്കുന്ന പൊടികളും 2 തണ്ട് വേപ്പിലയും നാളികേരക്കൊത്തും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കണം ( വേവിക്കുമ്പോൾ ചിക്കനിൽ നിന്ന് ആവശ്യത്തിന് വെള്ളം ഇറങ്ങി വരും .എന്നാലും വേണമെങ്കിൽ 1 / 2 മുതൽ 3 / 4 കപ്പ് വരെ വെള്ളo ചേർത്ത് കൊടുക്കാം. ഇനി കുക്കർ മൂടി വച്ച് മീഡിയം തീയിൽ ഒരു വിസിൽ വന്നതിനു ശേഷം ഇറക്കി വയ്ക്കുക( ഒന്നിൽ കൂടുതൽ വേണ്ട ). പ്രഷർ പോയതിന് ശേഷം തുറക്കുക .
4 .ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് സബോള, ചതച്ചു വച്ചിരിക്കുന്ന ചെറുള്ളി, ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ,ഒരു തണ്ടു വേപ്പില, കാപ്സികം എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക . ഇതിലേക്ക് ബാക്കിയുള്ള 1 1/2 ടേബിൾസ്പൂൺ മല്ലിപൊടി , 1 ടേബിൾസ്പൂൺ മുളക്പൊടി , 3 / 4 ടീസ്പൂൺ പെരുംജീരക പൊടി , 1/ 2 ടേബിൾസ്പൂൺ ഗരംമസാല ,1 1 / 2 ടീസ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക.
5 .ഇനി കുക്കർ തുറന്ന് ചിക്കനിലെ സ്റ്റോക്ക് ( ചിക്കൻ വെന്ത വെള്ളം ) മാത്രം , സബോള കാപ്സികം എന്നിവ വഴറ്റിയതിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കുക .അടുത്തതായി ചിക്കൻ ചേർത്ത് കൊടുക്കാം . ഇനി എല്ലാം കൂടി നന്നായി ഇളക്കി തമ്മിൽ യോജിപ്പിക്കുക. ചെറിയ തീയിലിട്ടു ചിക്കനെ നന്നായി പെരട്ടിയെടുക്കുക( ആവശ്യത്തിനുള്ള ഗ്രേവി ആകും വരെ ) . ഉപ്പ് , ഗരംമസാല എന്നിവ ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം . എരിവ് നോക്കി വേണമെങ്കിൽ കുരുമുളകുപൊടിയും ചേർത്ത് കൊടുക്കാം.
6 . ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ എല്ലാം കഴിക്കാവുന്ന ഒരടിപൊളി ചിക്കൻ കറിയാണിത് .
Comentários