Nadan Kudutha Meen Curry
- Neethu Midhun
- Mar 29, 2018
- 2 min read
നമുക്കെല്ലാം പ്രിയപ്പെട്ട, ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മീൻകറി . അതേത് മീനിന്റെ കറി ആയാലും ഊണു കഴിക്കാൻ മറ്റൊന്നും വേണ്ട .ഓരോ നാട്ടിലും എന്ന് വേണ്ട ഓരോ വീട്ടിലിലും മീൻ കറി ഉണ്ടാക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും . ഒരു നാടൻ മീൻ കറിയാണ് ഞാനിവിടെ പറയുന്നത് .

ആവശ്യമുള്ള സാധനങ്ങൾ :
കുടുത ( മീൻ ) - 1 കിലോ
ചുവന്നുള്ളി ചതച്ചത് - 12 എണ്ണം
ഇഞ്ചി - ഒരു മീഡിയം സൈസ്
പച്ചമുളക് നെടുകെ കീറിയത് - 5 എണ്ണം
വേപ്പില - 2 തണ്ട്
തക്കാളി - 2 ചെറുത് (അധികം പുളിയില്ലാത്തത് )
കുടംപുളി - 2 ചെറിയ പീസ് വരെ ( തക്കാളി ചേർക്കുന്നതിനാൽ കുടംപുളി നോക്കി ചേർക്കുക)
മഞ്ഞൾ പൊടി - 1 / 2 ടീസ്പൂൺ
മുളകുപൊടി - 3 1 / 2 മുതൽ 4 ടീസ്പൂൺ വരെ
വെള്ളം - 3 / 4 ഗ്ലാസ്
വെളിച്ചെണ്ണ - 2 1 / 2 ടേബിൾസ്പൂൺ
ഉലുവ - 1 / 4 ടീസ്പൂൺ
നാളികേരത്തിന്റെ ഒന്നാം പാൽ - 3 / 4 ഗ്ലാസ്
നാളികേരത്തിന്റെ രണ്ടാം പാൽ - 1 1 / 4 ഗ്ലാസ്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1 . മീൻ, വിനിഗറും കല്ലുപ്പും ചേർത്ത് നന്നായി കഴുകി വൃത്തിയാക്കി വെക്കുക .
2 . ഒരു മീൻ ചട്ടിയെടുത്ത് അതിലേക്ക് 2 1 / 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .എണ്ണ ച്ചുടാകുമ്പോൾ ഉലുവ ഇട്ട് ചൂടാക്കുക (കരിഞ്ഞു പോകാതെ ശ്രെദ്ധിക്കണം, അധികമായാൽ കനപ്പ് രസം വരും ) .ഇതിലേക്ക് എടുത്ത് വച്ചിട്ടുള്ള ചെറുള്ളി ചതച്ചതും ,പച്ചമുളകും , തക്കാളിയയും ( വല്ലാതെ വഴന്നു പോകേണ്ടതില്ല ) വേപ്പിലയും ഇട്ട് വഴറ്റുക .വഴന്നു വരുമ്പോൾ തീ കുറച്ചതിന് ശേഷം മഞ്ഞൾ പൊടിയും മുളക്പൊടിയും ചേർത്ത് മൂപ്പിക്കുക( മുളക് കരിയാതെ ശ്രെദ്ധിക്കണം )*. മുളക്പൊടിയുടെ നിറം മാറും മുൻപ് തന്നെ 1 ഗ്ലാസ് വെള്ളം ചേർക്കുക ( അല്ലെങ്കിൽ കറിയുടെ നിറം നഷ്ടമാവും ) *. ഇനി ഇതിലേക്ക് കുടം പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
3 .തിള വന്നതിന് ശേഷം , കഴുകി വൃത്തിയാക്കിവച്ചിട്ടുള്ള മീൻ കഷണങ്ങൾ ചേർത്ത് കൊടുക്കുക .മീൻ ചട്ടി മൂടി വച്ച് 5 മിനിറ്റ് തിളപ്പിക്കുക .അതിനുശേഷം നാളികേരത്തിന്റെ രണ്ടാം പാൽ ചേർത്ത് തുറന്നു വച്ച് തിളപ്പിക്കുക .ഈ സമയത്തു് കറിയിൽ ഉപ്പും എരിവും പുളിയുമെല്ലാം ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തുക .കറി തിളച്ചു വറ്റി , എണ്ണ തെളിയുന്ന പാകമാകമായി വരുമ്പോൾ ഒന്നാം പാലും ചേർത്ത് ചുറ്റിച്ചെടുത്ത് കുറച്ചു നേരം കൂടി തിളപ്പിക്കുക .കറി ആവശ്യത്തിന് വറ്റി , എണ്ണ തെളിഞ്ഞു വന്നാൽ കറി പാകമായി എന്നാണർത്ഥം . ഇനി ഇത് വിളബുന്ന പാത്രത്തിലേക്ക് മാറ്റി ചൂടോടെ ഉപയോഗിക്കാം.
Kommentare