Beef Varattiyathu
- Neethu Midhun
- Apr 18, 2018
- 2 min read
നാടൻ ശൈലിയിൽ വരട്ടിയെടുത്തിട്ടുള്ള ബീഫാണിത്. സ്ഥിരമായി ഉണ്ടാക്കാറുള്ള അതെ രീതിയിൽ തന്നെ ആയതു കൊണ്ട് രുചിയുടെ കാര്യത്തിൽ 100 % ഉറപ്പാണ് . ഒന്ന് പരീക്ഷിച്ചു നോക്കൂ .

ആവശ്യമുള്ള സാധനങ്ങൾ :
ബീഫ് ചെറിയ കഷ്ണങ്ങളായി നുറുക്കിയത് - 2 kg ( എല്ലില്ലാത്തത് )
ബീഫ് വേവിക്കാൻ ആവശ്യമായത് : മുളക് പൊടി - 2 1 / 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 / 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷ്ണം
വേപ്പില - 1 തണ്ട്
പച്ചമുളക് കീറിയത് - 3 എണ്ണം
കറി വെയ്ക്കാൻ ആവശ്യമുള്ള സാധനങ്ങൾ : സബോള - 4 എണ്ണം ( ഇടത്തരം ) + 35 ചെറുള്ളി(ചെറുള്ളി കൂടുതൽ ചേർത്താൽ സ്വാദ് കൂടും ) ഇഞ്ചി ചതച്ചത് - 2 വലിയ കഷ്ണം
വെളുത്തുള്ളി ചതച്ചത് - 2 - 3 ഉണ്ട
പച്ചമുളക് - 3 കീറിയത്
കറി വേപ്പില - 2 തണ്ട്
മല്ലിപ്പൊടി - 2 ടീസ്പൂൺ
മുളക് പൊടി - 2 1 / 2 ടീസ്പൂൺ
കുരുമുളക് പൊടി - 1 - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
ഗരം മസാല - 2 - 3 ടീസ്പൂൺ
പെരുംജീരക പൊടി - 1 1/2 - 2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ - 4 - 5 ടേബിൾസപൂൺ ( നന്നായി വരട്ടിയെടുക്കാൻ കുറച്ചു കൂടുതൽ വെളിച്ചെണ്ണ ആവശ്യം വരും )
വറുത്തിടാൻ : തേങ്ങാക്കൊത്ത് - 1 / 2 മുറി നാളികേരത്തിന്റേത്
ഉണക്ക മുളക് - 4 എണ്ണം
വേപ്പില - 2 തണ്ട്
ഇഞ്ചി - 1 വലിയ കഷ്ണം നീളത്തിൽ കനം കുറച്ചരിഞ്ഞത്
പച്ചമുളക് - 3 എണ്ണം നെടുകെ കീറിയത്
ഉണ്ടാക്കുന്ന വിധം:
1 . ആദ്യം ബീഫ് വൃത്തിയായി കഴുകി വേവിക്കാൻ ആവശ്യമുള്ള സാധനങ്ങളും ചേർത്ത് കുക്കറിൽ വേവിച്ചു വയ്ക്കുക.( വേവുമ്പോൾ ആവശ്യത്തിന് വെള്ളം ബീഫിൽ നിന്നും ഇറങ്ങി വരും എന്നാലും 1/ 2 മുതൽ 3 / 4 കപ്പ് വെള്ളം ചേർക്കാം ) .കുറഞ്ഞത് 4 - 5 വിസിൽ വരെ കൊടുക്കണം .(ബീഫ് പൊടിഞ്ഞു പോകാതെ ശ്രെദ്ധിക്കുകയും വേണം) . മുഴുവൻ പ്രെഷറും പോയതിനു ശേഷം മാത്രം മൂടി തുറക്കുക .
2 . ഇനി ഒരു പാനിൽ / ഉരുളിയിൽ എണ്ണ ചൂടാക്കി സബോള ,ചെറുള്ളി ,ഇഞ്ചി ചതച്ചത് ,വെളുത്തുള്ളി ചതച്ചത് , വേപ്പില എന്നിവ നന്നായി വഴറ്റുക .ഇതിലേക്ക് മുളക് പൊടി , മഞ്ഞൾ പൊടി , കുരുമുളക് പൊടി , പകുതി ഗരം മസാല , പകുതി പെരുംജീരക പൊടി എന്നിവ ചേർത്ത് പൊടികൾ പച്ചമണം മാറും വരെ വഴറ്റിയെടുക്കുക . ബാക്കി പകുതി ഗരം മസാല, പെരുംജീരകപ്പൊടി എന്നിവ വരട്ടിയെടുക്കുമ്പോൾ കുറെശ്ശെ ചേർത്ത് കൊടുത്താൽ മതിയാകും .
3 .മസാല പൊടികൾ ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് , വേവിച്ച വെള്ളത്തോട് കൂടി ചേർത്ത് തിളപ്പിച് വറ്റിച്ചെടുക്കുക ( വേറെ വെള്ളം ചേർത്തുകൊടുക്കേണ്ടതില്ല ).
4 . മസാല ബീഫിൽ നന്നായി പറ്റിവരണം( പരന്ന പാത്രമാണ് ഇതിനായി വേണ്ടത് ). ഈ സ്റ്റേജിൽ ടേസ്റ്റ് നോക്കി ഗരം മസാലയും, പെരുംജീരകവും ആവശ്യത്തിനനുസരിച്ചൂ ചേർത്ത് കൊടുക്കാം . എണ്ണയും ചേർത്ത് കൊടുക്കണം എന്നാലെ ബീഫ് നന്നായി വരട്ടിയെടുക്കാൻ പറ്റുകയുള്ളു . ഇടയ്ക്കിടെ എരിവ് നോക്കി കുരുമുളക് പൊടിയും ചേർക്കാം ( അടിക്ക് പിടിക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം ). ബീഫ് വരട്ടിയെടുക്കും തോറും ഇരുണ്ട നിറത്തിലേക്ക് മാറി വരും( നന്നായി ഫ്രൈ ആയി വരാൻ കുറച്ചു സമയമെടുക്കും).
5 . അവസാനത്തെ സ്റ്റേജിൽ വറുത്തു വച്ചിരിക്കുന്ന ഉണക്ക മുളക് , തേങ്ങാകൊത്ത് , വേപ്പില , കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുത്ത ഇഞ്ചി, പച്ചമുളക് നെടുകെ കീറിയത് , എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ചു സെർവ് ചെയ്യാവുന്നതാണ്.
Comentários